01:24am 12 June 2026
NEWS
മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപി എതിരില്ലാതെ വിജയിച്ചു
11/06/2026  07:23 PM IST
nila
മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപി എതിരില്ലാതെ വിജയിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളും എതിരില്ലാതെ നേടി ബിജെപി. പാർട്ടി സ്ഥാനാർത്ഥികളായ രജനീഷ് അഗർവാൾ, തരുൺ ചുഗ്, മഹേഷ് കേവത് എന്നിവർ വിജയികളായി പ്രഖ്യാപിക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയതോടെയാണ് മൂന്നാം സീറ്റും ബിജെപിക്ക് ഉറപ്പായത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞപ്പോഴും മറ്റ് സ്ഥാനാർത്ഥികൾ മത്സരരംഗത്തില്ലാതിരുന്നതിനാൽ ബിജെപി സ്ഥാനാർത്ഥികളെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരായി പ്രഖ്യാപിച്ചു. തുടർന്ന് തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റുകളും ഇവർ ഏറ്റുവാങ്ങി.

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കിടെ മീനാക്ഷി നടരാജൻ ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചുവെന്ന പരാതിയെ തുടർന്നാണ് റിട്ടേണിങ് ഓഫീസർ പത്രിക അസാധുവാക്കിയത്. ബിജെപി സ്ഥാനാർത്ഥി മഹേഷ് കേവത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ ഈ തീരുമാനത്തിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

ജൂൺ 18-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ മൂന്ന് സീറ്റുകളിലും ഫലം നേരത്തേ തന്നെ ഉറപ്പായ സാഹചര്യത്തിൽ ഇനി രാജ്യത്താകെ ബാക്കിയുള്ള 24 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ 8 മുതൽ വൈകീട്ട് 4 വരെ വോട്ടെടുപ്പും തുടർന്ന് വൈകീട്ട് 5 മണിക്ക് വോട്ടെണ്ണലും ആരംഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img